
ചെങ്ങന്നൂര്‍ : ഗവ: മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍ നഗരസഭാ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് ശ്രദ്ധേയമായി. മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതോടൊപ്പം പുനരുപയോഗ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചത്. ലോക പരിസ്ഥിതി വാരാചരണ ക്യാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ച് നഗരസഭ ചെങ്ങന്നൂര്‍ ഗവ: മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നിരവധിയായ വസ്തുക്കളുടെ പ്രദര്‍ശനവും കൈമാറ്റവും നടന്നു. സ്‌കൂള്‍ ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, വാദ്യോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൈമാറ്റത്തിനായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് എത്തിച്ചിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഷിബുരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സാലി ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി, കൗണ്‍സിലര്‍മാരായ റിജോ ജോണ്‍ ജോര്‍ജ്, ഇന്ദു രാജന്‍, സനിത മാത്യു, പി. വിജയകുമാരി അമ്മാള്‍, എസ്. സജിത, എന്‍. അനുപമ, ശരണ്യ സുരേന്ദ്രന്‍, ക്ലീന്‍ സിറ്റി മാനേജര്‍ എം.ഹബീബ്, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.കെ.അരുണാദേവി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: ആര്‍.രാജഗോപാല്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ എം.നിഷമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനര്‍ചക്രമണം സാധ്യമാക്കുക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നഗരസഭ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പില്‍ ശേഖരിക്കുന്ന സാധനങ്ങള്‍ ആര്‍.ആര്‍.ആര്‍. സെന്റര്‍ വഴി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷിബുരാജന്‍ പറഞ്ഞു.










